തിരുവനന്തപുരം : മസ്‌തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ്.എ.ആർ ഇനി 8 പേരിലൂടെ ജീവിക്കും. അനീഷിന്റെ ഹൃദയം ഉള്‍പ്പെടെ 9 അവയവങ്ങള്‍ ദാനം ചെയ്‌തത് . മസ്തിഷ്‌ക മരണത്തെ തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെ അവയവ ദാനത്തിലൂടെ ആളുകൾക്ക് പുതുജീവൻ നൽകിയാണ് അനീഷ് യാത്രയായത്. കുടുംബം അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു.
ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഒരുവൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.
അതേ സമയം, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഒരുങ്ങുന്നത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.