
കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ കുറിച്ച് ചിലർ പറയുന്നത് സാധാരണക്കാർക്ക് സഹിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. അത് സമസ്തക്കെതിരായ വികാരമായി വന്നേക്കാമെന്നും അതിനെ ചെറുക്കേണ്ടത് ആവശ്യമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. കോഴിക്കോട് ചേർന്ന ലീഗ് അനുകൂല വിഭാഗത്തിന്റെ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. (panakkad sadikali thangal)
ലീഗും സമസ്തയും തമ്മിൽ വൈകാരിക ബന്ധം നിലനിൽക്കുന്നുണ്ട്. അതിന് കാരണം രാഷ്ട്രീയമായ അടിമത്തമോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് സമസ്തയെ അടിയറവ് വെച്ചതോ അല്ല. ലീഗിലും സമസ്തയിലുമുള്ള ഭൂരിപക്ഷം പേരും ഒരേ ചിന്താഗതിക്കാരാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
ജനങ്ങളെ സമസ്തക്കൊപ്പം നിർത്തണം. ചിന്നഭിന്നമാകുന്ന സാഹചര്യം ഇല്ലാക്കുക എന്ന സദുദ്ദേശമാണുള്ളത്. സമസ്തയിലെ ഉത്തരവാദപ്പെട്ട ഭാരവാഹികളായ ഞങ്ങൾ സമാന്തര വിഭാഗം ഉണ്ടാക്കിയാൽ മുശാവറ നടപടി സ്വീകരിക്കുമെന്ന് നല്ലതുപോലെ അറിയാം – അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.