
തിരുവനന്തപുരം: കേരളത്തിലെ മഴമുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴമുന്നറിയിപ്പനുസരിച്ച് ഇന്ന് ഒരിടത്തും റെഡ് അലർട്ടില്ല. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ടാണ്.( Orange alert in 2 districts today )
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇന്ന് യെല്ലോ അലർട്ടുള്ളത് 7 ജില്ലകളിലാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളാണവ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. അതേസമയം, വരും മണിക്കൂറുകളിൽ കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള- കർണാടക തീരങ്ങളിൽ ഇന്നും, ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന് (03/12/2024) മുതൽ 05/12/2024 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടക തീരത്തിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 2 ദിവസങ്ങളിലായി പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ഇന്ന് കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്ന് മുതൽ 5 വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.