കൊച്ചി: വൻകിട കമ്പനികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും നൂതന ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ നൽകുന്ന പ്രമുഖ ഡാറ്റ ആൻഡ് എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് കമ്പനിയായ ഒറൈൻ ഇന്നോവേഷന്റെ അത്യാധുനിക ഒഐ എൻവിഷൻ സ്റ്റുഡിയോ സംവിധാനം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കാൻ പര്യാപ്തമായ ഇന്നോവേഷൻ ഹബ്ബാണ് കൊച്ചിയിലേത്. വരുംകാല ബിസിനസ് സാധ്യതകളെ മുൻനിർത്തിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജെൻഎഐ ഡാറ്റ, ക്ലൗഡ് ആൻഡ് എഞ്ചിനീയറിംഗ് മേഖലകളിൽ കമ്പനികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒഐ എൻവിഷൻ സ്റ്റുഡിയോ സംവിധാനം വിപുലീകരിച്ചത്. ക്ലയന്റുകൾ, എൻജിനീയർമാർ, ഡിസൈനർമാർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർക്ക് വിപണിയിലെ നൂതന ഡിജിറ്റൽ പരിഹാരങ്ങൾ കണ്ടെത്താനും പരീക്ഷിക്കാനും അവസരമൊരുക്കുകയാണ് എൻവിഷൻ സ്റ്റുഡിയോ മുഖേന ലക്ഷ്യമിടുന്നത്.
ഒറൈൻ ഇന്നോവേഷന്റെ ഭാവി കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് കൊച്ചിയിൽ ആരംഭിച്ച ആധുനിക ഒഐ എൻവിഷൻ സ്റ്റുഡിയോ സംവിധാനമെന്നും രാജ്യത്തെ മികച്ച പ്രതിഭകളെ ഉപയോഗപ്പെടുത്തി ആഗോളതലത്തിൽ സുസ്ഥിര എഐ ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഒറൈൻ ഇന്നോവേഷൻ സിഇഒ ബ്രയാൻ ബ്രോൺസൺ പറഞ്ഞു. ജനറേറ്റീവ് എ ഐ സാങ്കേതികവിദ്യയിൽ വലിയൊരു മാറ്റമാണ് ഒഐ എൻവിഷൻ സ്റ്റുഡിയോ മുഖേന രൂപപ്പെടുത്തുന്നതെന്ന് ഒറൈൻ ഇന്നോവേഷന്റെ ചീഫ് ടെക്നോളജി ഓഫീസർ രജുൽ റാണ പറഞ്ഞു. മാനുഷിക ബുദ്ധിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന സാങ്കേതിക ഘടനയിലാണ് ഒഐ എൻവിഷൻ സ്റ്റുഡിയോ സംവിധാനത്തിന്റെ രൂപകൽപന. കമ്പനികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ എഐ അധിഷ്ഠിത സേവനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഡിജിറ്റൽ സേവനങ്ങൾ അവരുമായി ചേർന്ന് നിർമിക്കാൻ കഴിയുന്ന, അത്യാധുനിക ഒഐ എൻവിഷൻ സ്റ്റുഡിയോ സംവിധാനമാണ് കൊച്ചിയിൽ ഒരുക്കുന്നതെന്ന് ഒറൈൻ ഇന്നോവേഷന്റെ പ്രസിഡന്റും സിഒഓയുമായ പ്രദീപ് മേനോൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക മേഖലയിലെ വിദഗ്ധർ എന്നിവരുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ പ്രാദേശിക വികസനത്തിൽ ഡിജിറ്റൽ പങ്കാളിയാകാനും പദ്ധതിയിടുന്നതായി ഒറൈൻ ഇന്നോവേഷൻ അറിയിച്ചു.