Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaവടി കൊണ്ട് തല്ലിയ അംഗത്തിൻ്റെ പേര് പറയാൻ നിർബന്ധിതൻ ആക്കരുതെന്ന് സ്പീക്കർ,...

വടി കൊണ്ട് തല്ലിയ അംഗത്തിൻ്റെ പേര് പറയാൻ നിർബന്ധിതൻ ആക്കരുതെന്ന് സ്പീക്കർ, ചിലത് പറഞ്ഞാൽ തലയിൽ മുണ്ടിട്ട് പോകേണ്ടി വരുമെന്ന് ഭരണപക്ഷ മന്ത്രിമാർ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം: നിയമസഭ ഇന്നും പ്രക്ഷുബ്ധം | Kerala Assembly Session

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര് മുറുകി. സഭയിലെ പ്രതിഷേധങ്ങൾ ‘കോപ്രായമാണെന്ന’ മുഖ്യമന്ത്രിയുടെ പരാമർശത്തെ വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ സമരമുറകളെ ഭരണപക്ഷം പരിഹസിച്ചു.(Opposition boycotts assembly, Kerala Assembly Session still in turmoil)

സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിച്ചത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. എന്നാൽ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ നാവായി സതീശൻ മാറിയെന്ന് പി. രാജീവ് ആരോപിച്ചു.

സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ അംഗം ചാടിക്കയറിയതിനെ മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. ആ അംഗം ഹൈജംപിന് പരിശീലിച്ചിരുന്നെങ്കിൽ നാടിന് ഉപകാരപ്പെട്ടേനെ എന്നായിരുന്നു പരിഹാസം. പ്രതിപക്ഷ നേതാവ് ഗാന്ധാരിയെപ്പോലെ കണ്ണുകെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക ഇനങ്ങളെക്കുറിച്ച് സംസാരിക്കുന്നവർ സഭയിൽ കസേര വലിച്ചെറിഞ്ഞ ചരിത്രമുള്ളവർ കൂടെയിരിക്കുന്നത് ഓർക്കണമെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു.

ഇന്നലത്തെ പ്രതിഷേധത്തിനിടെ ബാനർ കെട്ടിയ വടികൊണ്ട് പ്രതിപക്ഷ അംഗം വാച്ച് ആൻഡ് വാർഡിനെ തല്ലിയെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. അംഗത്തിന് ക്ഷീണമാകുമെന്ന് കരുതി പേര് വെളിപ്പെടുത്തുന്നില്ലെന്നും എന്നാൽ നിർബന്ധിച്ചാൽ പറയേണ്ടി വരുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ ആരോപണം പ്രതിപക്ഷ നേതാവ് പൂർണ്ണമായും നിഷേധിച്ചു.

സഭാനടപടികളുമായി സഹകരിക്കാൻ തയ്യാറാകാത്ത പ്രതിപക്ഷം ഒടുവിൽ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സഭ സ്തംഭിപ്പിച്ചുതന്നെ പ്രതിഷേധം തുടരുമെന്നാണ് യു.ഡി.എഫ് നിലപാട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.