

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കേരള റെയിൽവേ പോലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന "ഓപ്പറേഷൻ രക്ഷിത" സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി 72 കേസുകൾ രജിസ്റ്റർ ചെയ്തു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ആക്രമിച്ച് തള്ളിയിട്ട് പരിക്കേൽപ്പിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സംയുക്ത പരിശോധന.
കേരള റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ.പി.എഫ്.) സംയുക്തമായാണ് ഈ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. എസ്.പി. ഷഹൻഷാ കെ.എസിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന. പ്രധാനമായും സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ലക്‌ഷ്യം. ട്രെയിനുകളിലും സ്റ്റേഷൻ പരിസരങ്ങളിലും അച്ചടക്കം, ജാഗ്രത, ക്രമസമാധാനം എന്നിവ ഉറപ്പാക്കുക.
,യാത്രക്കാർക്കുനേരെ ഉണ്ടാകുന്ന വിവിധ അക്രമസംഭവങ്ങളെ ഫലപ്രദമായി തടയുക എന്നിവയും ഈ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമാണ്.
ട്രെയിനുകൾക്കുള്ളിലും സ്റ്റേഷൻ പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടന്നിരുന്നു. ഇതിൻ്റെ ഭാഗമായി മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ വിവിധ സ്റ്റേഷൻ പരിധികളിൽ ബ്രെത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ പരിധിയിലുള്ള സി.സി.ടി.വി. കാമറകളുടെ നിരീക്ഷണം ശക്തമാക്കി. ബോംബ് സ്ക്വാഡ്, കെ9 സ്ക്വാഡ് എന്നിവരെ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തി. കേരള റെയിൽവേ പോലീസും ആർ.പി.എഫും ടിക്കറ്റ് പരിശോധകരും അടങ്ങുന്ന ഉദ്യോഗസ്ഥർ സംയുക്തമായാണ് പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിലും ഈ പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.