

കൊച്ചി : സൈബർ തട്ടിപ്പുകൾക്കെതിരെ സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഹണ്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ 60 വയസ്സുള്ള അമ്മയുടെ ബാങ്ക് അക്കൗണ്ട് മകൻ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ഈ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ നടന്നതായി പോലീസ് അറിയിച്ചു. സംഭവശേഷം ഒളിവിൽ പോയ മകനു വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി.(Operation Cy Hunt, Son misuses 60-year-old mother's bank account)
കൊച്ചിയിൽ അറസ്റ്റിലായവരിൽ അധികവും വിദ്യാർത്ഥികൾ ആണ്. ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി സിറ്റിയിൽ മാത്രം ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളാണെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഇന്നലെ പ്രതികരിച്ചിരുന്നു.
തട്ടിപ്പുകൾക്കായി ഉപയോഗിച്ച 300 ബാങ്ക് അക്കൗണ്ടുകൾ കൊച്ചിയിൽ നിന്ന് മാത്രം കണ്ടെത്തി. ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്.
ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തും. സംശയകരമായ പണമിടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുമെന്നും പോലീസ് അറിയിച്ചു.