ഓപ്പറേഷൻ സൈ ഹണ്ട്: സൈബർ തട്ടിപ്പ് സംഘത്തിൻ്റെ പ്രധാന ഇടനിലക്കാരൻ അറസ്റ്റിൽ; പ്രതിമാസം തട്ടിയത് 20 ലക്ഷം! | Cyber fraud

ഇയാളുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്
ഓപ്പറേഷൻ സൈ ഹണ്ട്: സൈബർ തട്ടിപ്പ് സംഘത്തിൻ്റെ പ്രധാന ഇടനിലക്കാരൻ അറസ്റ്റിൽ; പ്രതിമാസം തട്ടിയത് 20 ലക്ഷം! | Cyber fraud
Published on

തിരുവനന്തപുരം: സൈബർ തട്ടിപ്പ് സംഘങ്ങളെ പിടികൂടാൻ പോലീസ് നടത്തുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ സൈ ഹണ്ടി'ൽ വൻ വഴിത്തിരിവ്. അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളുടെ പ്രധാന ഇടനിലക്കാരൻ അറസ്റ്റിലായി. ഊരമ്പ്, ചൂഴാൽ സ്വദേശിയായ രാജനെയാണ് പാറശാല പോലീസ് പിടികൂടിയത്.(Operation Cy Hunt, Key culprit of cyber fraud gang arrested)

അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് ആവശ്യമായ പാസ്ബുക്കുകളും എടിഎം കാർഡുകളും സംഘടിപ്പിച്ച് നൽകിയിരുന്നത് ഇയാളാണ്. ഈ തട്ടിപ്പുകളിലൂടെ പ്രതിമാസം 20 ലക്ഷത്തിലധികം രൂപയാണ് രാജൻ സമ്പാദിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ രാജൻ നെയ്യാറ്റിൻകരയിലെ ഒരു ദേശസാൽകൃത ബാങ്കിലെ താത്കാലിക ജീവനക്കാരനായിരുന്നു. ബാങ്കിലെത്തുന്ന സാധാരണക്കാരായ ഇടപാടുകാരുടെ പാസ്ബുക്കുകളും എടിഎം കാർഡുകളും തന്ത്രപരമായി കൈവശപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.

രാജ്യത്തിന് അകത്തും പുറത്തും വലവിരിച്ചിട്ടുള്ള സൈബർ തട്ടിപ്പ് സംഘങ്ങൾ അപഹരിക്കുന്ന തുകകൾ എത്തിച്ചേർന്നിരുന്നത് രാജൻ കൈവശം വെച്ചിരുന്ന ഈ അക്കൗണ്ടുകളിലാണ്.

ഇത്തരത്തിൽ അക്കൗണ്ടുകളിൽ വരുന്ന പണം പിൻവലിച്ച് സൈബർ മോഷ്ടാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്ന ഇടനിലക്കാരനായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.

തട്ടിപ്പ് കേസിൽ നേരത്തെ ഷെഫീക്ക് എന്ന യുവാവിനെ പാറശാല പോലീസ് പിടികൂടിയിരുന്നു. രാജൻ്റെ ഏജൻ്റായി പ്രവർത്തിച്ചിരുന്ന ഷെഫീക്കിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സൈബർ തട്ടിപ്പ് ശൃംഖലയിലെ പ്രധാനിയായ രാജനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.

നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്ന രാജനെ പോലീസ് നിരീക്ഷിക്കുകയും ആവശ്യമായ തെളിവുകൾ ലഭിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാളുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com