'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്': വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന | Vigilance

ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്': വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന | Vigilance
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' എന്ന പേരിലാണ് രാവിലെ പത്തര മുതൽ ക്രമക്കേടുകളും അഴിമതിയും കണ്ടെത്താൻ വിജിലൻസ് പരിശോധന നടത്തുന്നത്.(Operation Black Board, Vigilance conducts inspection at Education Department offices)

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ വിവിധ ചുമതലകളുള്ള ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾ, ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ എന്നിവയാണിവ.

എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരുടെ നിയമനം, നിയമനം ക്രമവത്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണ പ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

സർവീസ് സംബന്ധമായ വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ഫയലുകളിൽ നടപടി സ്വീകരിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങാറുണ്ട് എന്ന് ആരോപണമുണ്ട്. ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് എന്ന പേരിൽ, വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരെ 'സർവീസ് കൺസൾട്ടന്റുമാരായി' സമീപിക്കാൻ ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥികളെ നിർബന്ധിക്കുന്നു. ഈ വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്ന് വലിയ തുക കൈക്കൂലിയായി വാങ്ങി ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകുന്നതായും വിജിലൻസ് കണ്ടെത്തി.

എയ്ഡഡ് മേഖലയിലെ സർവീസ് ആനുകൂല്യം അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നു. അദ്ധ്യാപക/അനദ്ധ്യാപകരുടെ ഭൂരിഭാഗം അപേക്ഷകളും വിവിധ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ വൈകിപ്പിക്കാറുണ്ട്. ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകളും തെളിവുകളും പരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് വിജിലൻസ് സംഘം.

Related Stories

No stories found.
Times Kerala
timeskerala.com