കൊച്ചി: കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാതായ സംഭവത്തിൽ കേരളത്തിലെ സംവിധാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. "സൂരജ് ലാമയുടെ കാര്യത്തിൽ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വി.ഐ.പിമാർക്ക് മാത്രമേ പരിഗണനയുള്ളൂ, സാധാരണക്കാർ ആർക്കും പ്രധാനമല്ല," എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.(Only VIPs are considered here, High Court's criticism on Suraj Lama's disappearance)
മഹാത്മാഗാന്ധിയെ ഉദ്ധരിച്ചും കോടതി ഭരണകൂടങ്ങളെ വിമർശിച്ചു. "ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. മഹാത്മാഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനേ," - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സൂരജ് ലാമയുടെ മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സൂരജ് ലാമയുടെ കാര്യത്തിൽ സംഭവിച്ച പലതും ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽ പോലും നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പോലീസ് സൂരജ് ലാമയെ ഒരു ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ, ആംബുലൻസിന് പണം നൽകിയത് ആരാണെന്നോ, അദ്ദേഹത്തെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പോലീസിൻ്റെ രേഖ എവിടെയെന്നോ വ്യക്തമല്ല.
ആരും അദ്ദേഹത്തോടൊപ്പം പോയില്ല. ആംബുലൻസ് ഡ്രൈവറാണ് ഒ.പി. ടിക്കറ്റ് എടുത്തതെന്നാണ് മെഡിക്കൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. "ചുരുക്കത്തിൽ, എല്ലാ സംവിധാനവും പരാജയപ്പെടുകയായിരുന്നു," കോടതി അഭിപ്രായപ്പെട്ടു.
കളമശേരി എച്ച്എംടിക്ക് സമീപം അടുത്തിടെ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിലെ ഫോറൻസിക് ഫലം ഹാജരാക്കാൻ കോടതി നിർദേശിച്ചു. സൂരജ് ലാമയെ കുവൈത്തിൽനിന്ന് കയറ്റി വിട്ടതു സംബന്ധിച്ച രേഖകൾ കേന്ദ്രം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുവൈത്തിൽ മദ്യദുരന്തത്തിന് ഇരയായി ഓർമ്മ നഷ്ടപ്പെട്ട സൂരജ് ലാമയെ അധികൃതർ കഴിഞ്ഞ ഒക്ടോബറിൽ കൊച്ചിയിലേക്കു കയറ്റി വിട്ടതിനു ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങിയ അദ്ദേഹത്തെപ്പറ്റി വിവരമൊന്നും ലഭിച്ചിരുന്നില്ല. ഡി.എൻ.എ. പരിശോധനാഫലം പുറത്തുവരുന്നതോടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷ.