തൃശ്ശൂർ: ഹരിയാണയിലെ വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ പഴയ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിനോട് പ്രതികരിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. രാഹുൽ ഗാന്ധിയോട് "സഹതാപം മാത്രമേയുള്ളൂ, വേറൊന്നുമില്ല" എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.(Only sympathy for Rahul Gandhi, B Gopalakrishnan reacts to his video being shown)
ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ തൃശ്ശൂരിൽ വെച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. "താങ്കളെ ബിഗ് സ്ക്രീനിൽ കണ്ടല്ലോ" എന്ന ചോദ്യത്തിന്, "ഏത് സ്ക്രീനിലും വേണമെങ്കിൽ കാണിക്കാലോ, രാഷ്ട്രീയക്കാരനല്ലേ" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കൂടുതൽ ചോദ്യങ്ങൾ വന്നപ്പോൾ, "എൻ്റെ കമൻ്റ്‌സ് കഴിഞ്ഞു" എന്ന് പറഞ്ഞ് ഗോപാലകൃഷ്ണൻ മടങ്ങുകയും ചെയ്തു. ഹരിയാണയിൽ 25 ലക്ഷത്തോളം വോട്ടുകൾ കൊള്ളയടിക്കപ്പെട്ടെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപിയുടെ കേരളത്തിലെ ഉപാധ്യക്ഷനായ ബി. ഗോപാലകൃഷ്ണൻ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ പ്രദർശിപ്പിച്ചത്.
ബിജെപി നേതാക്കളടക്കം ആയിരക്കണക്കിന് പേർ യുപിയിലും ഹരിയാണയിലും വോട്ടർമാരാണെന്ന് പറഞ്ഞതിന് പിന്നാലെയാണ്, ഗോപാലകൃഷ്ണൻ 2024 ഓഗസ്റ്റ് 22-ന് മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങൾ രാഹുൽ കാണിച്ചത്. "ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ട്" എന്ന് ബി. ഗോപാലകൃഷ്ണൻ പറയുന്ന ദൃശ്യങ്ങളാണ് രാഹുൽ ഗാന്ധി തെളിവായി അവതരിപ്പിച്ചത്.