
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ അവിടെ നിന്നും പുറത്തായ പലരും ഹൗസിൽ ആവശ്യത്തിന് ഭക്ഷണമില്ലെന്നും എല്ലാവര്ക്കും ഒന്നിച്ചാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ പ്രത്യേകം ഭക്ഷണമുണ്ടാക്കി എന്നതിന്റെ പേരിലാണ് വീട്ടിൽ പ്രശ്നമുണ്ടായിരിക്കുന്നത്. ജിസേൽ സ്വന്തമായി ഭക്ഷണമുണ്ടാക്കാൻ തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തങ്ങൾക്ക് കഴിക്കാൻ പ്രത്യേകമായി ആലു പറാഠ ഉണ്ടാക്കിയ ജിസേലിനെതിരെ റെനയും ബിന്നിയും രംഗത്തെത്തി.
ജിഷിൻ ആവശ്യപ്പെട്ടിട്ടാണ് ഉണ്ടാക്കിയതെന്ന് ജിസേൽ പറഞ്ഞെങ്കിലും, ജിഷിന് മാത്രമല്ല ഉണ്ടാക്കിയതെന്ന് ബിന്നി പറഞ്ഞു. കിച്ചൺ ടീമിൽ സഹായത്തിനായി ക്യാപ്റ്റൻ പ്രവീൺ ജിസേലിനെ വിളിച്ചു. സഹായിക്കാൻ വന്ന ജിസേൽ പറാഠ ഉണ്ടാക്കാൻ ആരംഭിച്ചു. ഇത് ബിന്നി ചോദ്യം ചെയ്തു. എന്നാൽ, അത് ക്യാപ്റ്റൻ പറയട്ടെ എന്നായി ജിസേൽ. ജിഷിന് വേണ്ടിയാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് ജിസേൽ പറഞ്ഞപ്പോൾ, ബിന്നി ജിഷിനോട് കാര്യം ചോദിച്ചു. തനിക്ക് ഭക്ഷണം വേണ്ടെന്ന് ജിഷിൻ പറഞ്ഞു.
തുടർന്ന് ജിസേലും ബിന്നിയും തമ്മിൽ തർക്കമായി. ഇതിനിടെ റെനയും ജിസേലിനെ കുറ്റപ്പെടുത്തി. തർക്കത്തിൽ പ്രവീൺ കൂടി ഇടപെട്ടതോടെ വഴക്ക് ഗുരുതരമായി. കിച്ചണിൽ വച്ച് വഴക്കുണ്ടാക്കി ഭക്ഷണം ഉണ്ടാക്കാനാവില്ല എന്ന് ബിന്നി വാശിപിടിച്ചു. ജിസേലിനെ വിമർശിച്ച് സംസാരിച്ചിരുന്ന റെന പ്രവീണുമായും തർക്കിച്ചു. ഇതിനിടെ കിച്ചൺ ടീമിൽ ജിസേൽ കുക്ക് ചെയ്താൽ താൻ ഉണ്ടാവില്ലെന്ന് ബിന്നി പറഞ്ഞു. ഒരാൾക്ക് മാത്രം വാലും കൊമ്പുമൊന്നും ഇല്ല എന്നും ബിന്നി പറഞ്ഞു.
പുറത്ത് പ്രവീൺ, ബിന്നി, റെന എന്നിവർ തമ്മിലുള്ള തർക്കം മൂർച്ഛിച്ചുകൊണ്ടിരിക്കെ ആര്യനും ജിസേലും ചേർന്ന് കുക്കിങ് ആരംഭിച്ചു. ഭക്ഷണം ഉണ്ടാക്കി അതെടുത്തുകൊണ്ട് ജിസേൽ പോവുകയും ചെയ്തു. പിന്നീട് ജിസേലിനെ കുറ്റപ്പെടുത്തിയ റെനയെ ആര്യൻ ചോദ്യം ചെയ്തു. 'മുൻപ് ജിസേലിനൊപ്പം പലതവണ സ്പെഷ്യൽ ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ടില്ലേ?' എന്ന ചോദ്യത്തിന് റെനയ്ക്ക് മറുപടി ഇല്ലാതായി.