ഓൺ‌ലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: 77 ലക്ഷം രൂപ കവർന്ന UP സ്വദേശി വയനാട് സൈബർ പോലീസിൻ്റെ പിടിയിൽ | UP

യുവതിയാണ് പരാതിക്കാരനെ ഓൺ‌ലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്
ഓൺ‌ലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: 77 ലക്ഷം രൂപ കവർന്ന UP സ്വദേശി വയനാട് സൈബർ പോലീസിൻ്റെ പിടിയിൽ | UP
Updated on

വയനാട്: ഓൺ‌ലൈൻ ഷെയർ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് വയനാട് ചുണ്ടേൽ സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി വയനാട് സൈബർ പോലീസിന്റെ പിടിയിലായി. യു.പി. ബറേലി സ്വദേശിയായ ആകാശ് യാദവിനെയാണ് (25) സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും വിശാഖപട്ടണത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തത്.(Online share trading scam, UP native arrested by Wayanad cyber police)

കഴിഞ്ഞ ജൂൺ മാസത്തിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓൺ‌ലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. യുവതി അയച്ച വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ട്രേഡിങ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമായിരുന്നു. പിന്നീട് ലാഭം അടങ്ങിയ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും പണം അടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് ഇത് തട്ടിപ്പാണ് എന്ന് മനസ്സിലാക്കി ചുണ്ടേൽ സ്വദേശി സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകിയത്.

കേസ് അന്വേഷിച്ച സൈബർ പോലീസ്, പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിലാണ് ആകാശ് യാദവ് പ്രവർത്തിച്ചു വരുന്നത്. പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ വാങ്ങി നൽകുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.

മറ്റൊരു സൈബർ തട്ടിപ്പ് കേസിൽ വിശാഖപട്ടണം പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ മനസ്സിലായി. തുടർന്ന്, കൽപ്പറ്റ കോടതിയുടെ വാറണ്ടുമായി വിശാഖപട്ടണം ജയിലിൽ എത്തിയെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചു. ജാമ്യത്തിൽ ഇറങ്ങിയ ഉടനെയാണ് ആകാശ് യാദവിനെ വയനാട് പോലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ, കഴിഞ്ഞ മാസം ഇതേ കേസിൽ അന്വേഷണ സംഘം ഒരു പ്രതിയെ ഹരിയാനയിൽ നിന്നും പിടികൂടിയിരുന്നു. പ്രതിയെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ. മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോജി ലൂക്ക, കെ.എ. സലാം, സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, ഷൈജൽ, ലിൻരാജ്, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com