കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ് വഴി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000 രൂപ തട്ടിയ കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. എറണാകുളം അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദിനെ (41) കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
വാട്സാപിലൂടെയാണ് പ്രതികൾ ഡോക്ടറെ ബന്ധപ്പെട്ടത്. ഷെയർ ട്രെഡിങ് നടത്തുന്നതിനായി പരാതിക്കാരനെക്കൊണ്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചു. വൻ ലാഭം കിട്ടുമെന്നാണ് വിശ്വസിപ്പിച്ചത്. ഓരോ തവണ നിക്ഷേപം നടത്തുമ്പോഴും വ്യാജ ട്രേഡിങ് ആപ്ലിക്കേഷനിൽ വലിയ ലാഭം കാണിച്ചു. പരാതിക്കാരൻ പലതവണ ശ്രമിച്ചിട്ടും പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്നു മനസിലായത്.
ചെന്നൈ സ്വദേശിയായ സെന്തിൽ കുമാർ എന്നയാളുടെ അക്കൗണ്ടിൽ എത്തിയ 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ വഴിയും കൈകാര്യം ചെയ്തതും അക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി ഷെയർ ചെയ്തിരുന്നതും ആബിദാണ്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളായ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരെ പൊലീസ് ചെന്നൈയിൽ വച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആബിദിന്റെ പേരിൽ വിശാഖപട്ടണത്തും കേസുണ്ട്.