

തിരുവനന്തപുരം: നെയ്യാറ്റിൻകര കവളാകുളത്ത് ഒരു വയസുള്ള ആൺകുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. കവളാകുളം സ്വദേശികളായ സുജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. മരണകാരണം സംബന്ധിച്ച് വ്യക്തത വരാത്തതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയാണ് കുഞ്ഞ് വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച് നിലവിൽ ചില സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
ഏകദേശം ഒരാഴ്ച മുൻപ് കുഞ്ഞ് നിലത്തുവീണ് പരിക്കേറ്റിരുന്നതായി പറയപ്പെടുന്നു. ഈ വീഴ്ചയാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് മെഡിക്കൽ സംഘം പ്രധാനമായും പരിശോധിക്കുന്നത്.മരണകാരണം കൃത്യമായി കണ്ടെത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മാത്രമേ കൂടുതൽ വ്യക്തത നൽകാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതരും പോലീസും അറിയിച്ചു.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിഞ്ചുകുഞ്ഞിന്റെ വിയോഗം കവളാകുളം ഗ്രാമത്തെ ഒന്നടങ്കം നോവിലിലാഴ്ത്തി.