തൃശൂർ : രാഗം തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. പിടിയിലായ ആളെ ഉന്നത ഉദ്യേഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്നാണ് കണ്ടെത്തല്‍.
തന്നെ കൊല്ലാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് നടന്നതെന്ന് രാഗം സുനിൽ വെളുപ്പെടുത്തിയിരുന്നു. കാറിന്റെ ഗ്ലാസ് തകർത്ത ശേഷം കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചു. ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം ഉണ്ടായി. സ്പ്രയിൽ നിന്ന് സ്പാർക്ക് വരാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സ്പ്രേ ബോട്ടിൽ ചവിട്ടിത്തെറിപ്പിക്കുന്നതിനിടയിലാണ് കാലിൽ വെട്ടിയത്.
വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്. സുനിൽ വീടിനു മുന്പില് വച്ച് കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള് ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈയ്ക്കുമാണ് വെട്ടിയത്.