

കോഴിക്കോട് : കാസർഗോട്ടേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ വടകര പഴയ മുനിസിപ്പൽ ഓഫീസിന് സമീപം വെച്ചാണ് അപകടമുണ്ടായത്.(One person dies tragically in Vatakara after being hit by Vande Bharat Express)
അപകടത്തിന്റെ ഭീകരത കാരണം ശരീരം ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വടകര പോലീസ് സ്ഥലത്തെത്തി, മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരിച്ചറിയുന്നതിനായി പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കോഴിക്കോട് വെച്ചും വന്ദേഭാരത് എക്സ്പ്രസ് തട്ടി അപകടം സംഭവിച്ചിരുന്നു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് അന്ന് മരിച്ചത്. കേൾവിക്കുറവുണ്ടായിരുന്ന ഹമീദ്, വീട്ടിൽ നിന്നിറങ്ങി ചക്കുംകടവ് വെച്ച് റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.