തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചാവക്കാട് സ്വദേശിയായ 59 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.
ബുധനാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. രോഗി ഇപ്പോഴും അബോധാവസ്ഥയിലാണ്.
കോഴിക്കോട് ജില്ലയില്‍ 11 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
അതിനിടെ, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോൾ സമരങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.