ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം; ദാഹമകറ്റാന്‍ മൂടാടി ഗ്രാമപഞ്ചായത്തിന്റെ ‘വാട്ടര്‍ എ.ടി.എം’

ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം; ദാഹമകറ്റാന്‍ മൂടാടി ഗ്രാമപഞ്ചായത്തിന്റെ ‘വാട്ടര്‍ എ.ടി.എം’
Published on

ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ ‘വാട്ടര്‍ എടിഎം’ സ്ഥാപിച്ചാണ് പുതിയ ചുവടുവെപ്പ്. ഒരു രൂപ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും സാധാരണ വെള്ളവും ഇതില്‍നിന്ന് ലഭിക്കും.

2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഷിന്‍ സ്ഥാപിച്ചത്. ശുദ്ധീകരിച്ച വെള്ളമാണ് ഇതിലൂടെ ലഭിക്കുക. 5000 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ വെള്ളം കഴിയുന്നതിനനുസരിച്ച് സംഭരിക്കപ്പെടും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹീറ്റ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് വാട്ടര്‍ എടിഎം സ്ഥാപിച്ചത്. മെഷിനിലേക്കെത്തുന്ന വെള്ളം ശുദ്ധീകരിക്കാന്‍ നൂതന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടന്നുവരുന്നുണ്ട്.

ആളുകള്‍ വാട്ടര്‍ മെഷീന്‍ ഉപയോഗിക്കുന്നതോടെ മിനറല്‍ വാട്ടര്‍ പ്ലാസ്റ്റിക് കുപ്പികളുടെ സംസ്‌കരണ പ്രശ്നത്തിനും പരിഹാരമാകും. പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവും തുച്ഛമായ നിരക്കിലും ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com