തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. സർക്കാരിന്റെ ക്ഷണം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേകർ സ്വീകരിച്ചു. മുഖ്യമന്ത്രി ഫോണിലൂടെ ഗവർണറെ ക്ഷണിച്ചിരുന്നു.
സെപ്റ്റംബർ ഒൻപതിനാണ് ഓണം ഘോഷയാത്ര.ചൊവ്വാഴ്ച മന്ത്രിമാർ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ ഒരുക്കിയ വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നിരുന്നു. അതിനാൽ ഗവർണറെ ക്ഷണിക്കുമോ എന്നതിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 2022ലെ ഓണാഘോഷ പരിപാടിയിലേക്ക് സർക്കാർ ക്ഷണിച്ചിരുന്നില്ല.
സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക.