
ഇന്ന് ഉത്രാടം. എല്ലാ കേരളീയരും തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ന് കേരളത്തിലെ എല്ലാ വീടുകളിൽ നിന്നും ഇഞ്ചിക്കറിയും നാരങ്ങാക്കറിയും ഓണ പലഹാരങ്ങളും ഉണ്ടാക്കുന്നതിന്റെ ഗന്ധം അന്തരീക്ഷത്തെ നിറയ്ക്കും. ഓണത്തപ്പനെ വരവേൽക്കാനുള്ള അവസാന ചുറ്റുവട്ടങ്ങൾ ഉത്രാടദിനത്തിലാണ് നടക്കുന്നത്. ഓണസദ്യയുടെ കൂടെ ഓണ പലഹാരങ്ങളും വിളമ്പാറുണ്ട്. ഓണ പലഹാരങ്ങളിൽ ഉണ്ണിയപ്പമാണ് പ്രധാനം. ഉണ്ണിയപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായവ
പച്ചരി -1/2 kg
ശര്‍ക്കര-1/2 kg
തേങ്ങാകൊത്ത്
നെയ്യ്
ഉണക്ക മുന്തിരി
യീസറ്റ്
ചെറിയ പഴം
തയ്യാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ ഇട്ടു കുതിർത്ത് മിക്സിയില്‍ കട്ടിയായി അരച്ചെടുക്കുക. .അതില്‍ ശര്‍ക്കര പാനി കാച്ചി തണുപ്പിച്ചു ഒഴിക്കുക.
നെയ്യില്‍ മുന്തിരി, തേങ്ങാകൊത്തു എന്നിവ വറുത്ത് മിക്സ് ചെയ്തു വച്ച മാവില്‍ ഒഴിക്കുക. ശേഷം നന്നായി ഇളക്കി യീസറ്റ് ചേര്‍ത്ത് വെയ്ക്കുക.
രാത്രിയില്‍ മിക്സ് ചെയ്തു വച്ചിട്ടു രാവിലെ ഉണ്ടാക്കിയാല്‍ നല്ല മയം കിട്ടും. മധുരത്തിന് അനുസരിച്ച് ശര്‍ക്കരയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ചെറിയ പഴം മിക്സ് ചെയ്താല്‍ നല്ല മയം കിട്ടും. പഴം ചേർക്കാതെ ഉണ്ടാക്കിയാൽ കുറേ ദിവസം കേടാകാതെ ഇരിക്കും.
ഉണ്ണിയപ്പ ചട്ടിയില്‍ നെയ്യോ എണ്ണയോ ഒഴിച്ച് ഉണ്ണിയപ്പം തയ്യാറാക്കാം.
ഉണ്ണിയപ്പം റെഡിയായി കഴിയുമ്പോൾ അതിനുമുകളില്‍ കുറച്ചു പഞ്ചസാര വിതറുക.