
ഓണക്കാലത്ത് ഉണ്ടാക്കാറുള്ള ഒരു പഴയകാല പലഹാരമാണ് കളിയടക്ക. ഓണം പലഹാരങ്ങളിൽ പ്രധാനപ്പെട്ട കളിയടക്ക അഥവാ ചീട. ശർക്കര ഉപ്പേരിയുടെയും കായ വറുത്തതിന്റെയും കൂടെ സദ്യയിൽ വിളമ്പുന്ന ചീട കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമുള്ള ഒന്നാണ്. ഈ ഓണത്തിന് കറുമുറെ കഴിക്കാം സ്വാദിഷ്ടമായ കളിയടക്ക.
ആവശ്യമായവ
വറുത്ത അരിപ്പൊടി - 2 കപ്പ്
ഉഴുന്ന് വറുത്ത് പൊടിച്ചത് - 2 ടേബിൾ സ്പൂൺ
ചുവന്നുള്ളി - 3 ,4 എണ്ണം
തേങ്ങ ചുരണ്ടിയത് - 1/2 കപ്പ്
ജീരകം - 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചണ്ണ വറുക്കാൻ ആവശ്യത്തിന്
ചൂട് വെള്ളം കുഴക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവന്നുള്ളിയും, തേങ്ങയും ജീരകവും പൊടിച്ചെടുക്കുക.
അരിപ്പൊടിയിലേക്ക്, ഉഴുന്ന് പൊടിയും ആവശ്യത്തിന് ഉപ്പുമിട്ട് മിക്സ് ചെയ്ത ശേഷം തേങ്ങാ അരച്ചത് ചേർത്തിളക്കി ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ച് ഇടിയപ്പത്തിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
ഇത് ചെറിയ ഉരുളകളാക്കി എടുത്ത് ചൂടായ വെളിച്ചെണ്ണയിൽ വറുത്ത് കോരുക. (തീ മീഡീയം ഫ്ലെയിമിൽ വച്ചുവേണം വറുക്കാൻ)