
കേരളത്തിലെ ഉത്സവകാലത്തും ഓണക്കാലത്തും ഉണ്ടാക്കുന്ന ഒരു രുചികരമായ ശർക്കര അടിസ്ഥാനമാക്കിയുള്ള പായസമാണിത്. സാധാരണയായി ലഭ്യമായ മറ്റ് പായസങ്ങളിൽ നിന്ന് വ്യത്യസ്തമായ രുചിയിലുള്ളതാണ്.
ആവശ്യമുള്ള സാധനങ്ങൾ
കടലപ്പരിപ്പ് - 250 ഗ്രാം.
ശർക്കര - 500 ഗ്രാം
നെയ്യ് - 100 ഗ്രാം
തേങ്ങാപ്പാൽ
ഒന്നാം പാല് - ഒരു കപ്പ്
രണ്ടാം പാല് - മൂന്നു കപ്പ്
നേർത്ത മൂന്നാം പാല് - മൂന്നു കപ്പ്
തേങ്ങ കൊത്ത് - ഒരു മുറി തേങ്ങയുടെത്
ഏലക്കാപ്പൊടി – 1 1/2 ടീസ്പൂൺ
ചുക്കുപൊടി - 1 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്മിസ് - 25 ഗ്രാം
തയ്യാറാക്കുന്ന വിധം
ഫ്രയിംഗ് പാനിൽ കടല പരിപ്പ് എണ്ണ ചേർക്കാതെ വറുത്തെടുക്കുക. കരിഞ്ഞു പോകരുത്.
ചൂടാറിയതിനു ശേഷം വെള്ളത്തിൽ 8-10 മണിക്കൂർ കുതിരാൻ ഇടുക. ശർക്കര ഉരുക്കി അരിച്ചു വെക്കുക.
കുക്കറിൽ അര മണിക്കൂർ ആവശ്യത്തിനു വെള്ളം ചേർത്ത് കടല പരിപ്പ് വേവിക്കുക. ചൂടാറിയതിനുശേഷം ഈ പരിപ്പ് ആവശ്യത്തിനു മൂന്നാം പാല് ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
ഒരു ഉരുളി അടുപ്പത്ത് വച്ച് അരച്ച പരിപ്പും ശർക്കര ഉരുക്കിയരിച്ചതും ചേർത്ത് ഇളക്കി വെള്ളം നന്നായി വറ്റുമ്പോൾ പകുതി നെയ്യൊഴിച്ച് വരട്ടുക. രണ്ടാം പാല് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേർത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോൾ ഒന്നാം പാല് ചേർത്ത് ഏലക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേർത്ത് നന്നായി ചൂടാക്കി വാങ്ങുക.
ചെറുതായരിഞ്ഞ തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ നെയ്യിൽ വറുത്തു ചേർക്കുക.