
മലയാളിയുടെ ഏതു ആഘോഷത്തിലും ആരെയും കൊതിപ്പിക്കുന്ന വിഭവമാണ് അട പ്രഥമൻ. ഓണം പോലുള്ള വിശേഷ ദിവസങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും വലിയ സദ്യകളിലും ഇത് പ്രധാന വിഭവമായി വിളമ്പുന്നു. അടപ്രഥമൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
അട - 250 ഗ്രാം
ശർക്കര - 600 ഗ്രാം
തേങ്ങ - 2
ഉണക്കമുന്തിരി - 15
അണ്ടിപ്പരിപ്പ് - 15 എണ്ണം
ഏലയ്ക്കാപ്പൊടി - 5
നെയ്യ് - പാകത്തിന്
തേങ്ങാക്കൊത്ത് - കുറച്ച്
തയ്യാറാക്കുന്ന വിധം
ശർക്കര ചൂടുവെള്ളത്തിൽ ചേർത്ത് പാനീയമുണ്ടാക്കുക. തേങ്ങ തിരുമ്മി ഒന്നാം പാല്, രണ്ടാം പാല്, മൂന്നാം പാല് എന്നിവയെടുത്ത് മാറ്റിവയ്ക്കുക.
അട വേവിച്ച് തണുത്ത വെള്ളത്തിൽ വാർത്തെടുക്കുക. അതിനുശേഷം അട ശർക്കരയിൽ വഴറ്റിയെടുക്കുക. അതിലേക്ക് രണ്ടാം പാലും മൂന്നാം പാലും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ ഏലയ്ക്ക പൊടിച്ച് ചേർക്കുക. എന്നിട്ട് ഒന്നാം പാല് ചേർത്ത് ചൂടാക്കി ഇറക്കുക.
നെയ്യ് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് പ്രഥമനിൽ ചേർത്ത് ഇളക്കുക. രുചിയേറും അടപ്രഥമൻ തയ്യാർ.