
തിരുവനന്തപുരം : ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണസമ്മാനമായി 1250 രൂപ വീതം നൽകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഉത്സവബത്ത 1000 രൂപയായിരുന്നു. ഇക്കുറി 250 രൂപ വർധിപ്പിച്ച് 1250 രൂപയാണ് ഉത്സവബത്ത നൽകുന്നത്. തനത് ഫണ്ടിൽ നിന്നും ഈ തുക നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി.
കേരളത്തെ മാലിന്യമുക്തമാക്കാൻ അക്ഷീണം പരിശ്രമിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഓണസമ്മാനമാണ് ഈ വർധിപ്പിച്ച ഉത്സവബത്ത. കേരളത്തിലെ നഗരങ്ങളുടെ ശുചിത്വ റാങ്കിംഗിലെ മുന്നേറ്റത്തിലും, നാടും നഗരവും വൃത്തിയോടെ സൂക്ഷിക്കുന്നതിലും ഹരിതകർമ്മ സേന ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഹരിത കർമ്മ സേനയ്ക്ക് നേരെയുള്ള അധിക്ഷേപങ്ങളെയും വെല്ലുവിളികളെയും സർക്കാർ കർശനമായി നേരിടുകയും, കേരളത്തിന്റെ ശുചിത്വസേനയെ ചേർത്തുപിടിക്കുകയും ചെയ്തിരുന്നു. ആ കരുതലാണ് ഉത്സവബത്തയുടെ കാര്യത്തിലും സർക്കാർ തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.