
കൊല്ലം: ഓണം ബംപർ ലോട്ടറിയുടെ മാതൃകയിൽ നറുക്കെടുപ്പ് നടത്തിയ സി.പി.എം. ആഭിമുഖ്യത്തിലുള്ള വ്യാപാരി വ്യവസായി സമിതിയുടെ കൊല്ലം ഘടകത്തിനെതിരെ കേസ്. സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർക്കെതിരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയിലാണ് നടപടി.(Onam bumper-style lottery, Case filed against CPM-led organization for creating misunderstanding)
'മഹാ ഓണം ബംബർ' എന്ന പേരിലാണ് ഇവർ ലോട്ടറി നറുക്കെടുപ്പ് നടത്തിയത്. ഇത് യഥാർത്ഥ ഓണം ബംപർ ലോട്ടറിയാണെന്ന് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അതുവഴി സർക്കാരിനെ വഞ്ചിച്ചെന്നും സർക്കാരിന്റെ ഓണം ലോട്ടറി വിൽപ്പനയെ ബാധിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഇത്തരം കച്ചവടം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രഹസ്യമായി നറുക്കെടുപ്പ് നടത്തുകയായിരുന്നു. ലോട്ടറി നിയന്ത്രണ നിയമം, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.