തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ ജീവനക്കാർ എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ പുറത്തിറക്കിയ സർക്കുലർ വിവാദമാകുന്നു. പ്രതിഷേധം ശക്തമായതോടെ, ചടങ്ങിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന വിശദീകരണവുമായി ലോക് ഭവൻ അധികൃതർ രംഗത്തെത്തി.(Officials offer explanation in Lok Bhavan circular controversy on Christmas Day)
ക്രിസ്മസ് അവധി ഒഴിവാക്കിയിട്ടില്ലെന്നും വാജ്‌പേയി അനുസ്മരണത്തിൽ ജീവനക്കാർ സ്വമേധയാ പങ്കെടുത്താൽ മതിയെന്നുമാണ് പുതുക്കിയ അറിയിപ്പ്. അവധി ദിനത്തിൽ ജീവനക്കാരെ ജോലിക്ക് വിളിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
വിവാദങ്ങൾക്കിടയിലും സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വലിയ ആവേശത്തോടെയാണ് തിരുപ്പിറവി ആഘോഷങ്ങൾ നടക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പാതിരാകുർബാനയും നടന്നു. യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
സഭാ ആസ്ഥാനങ്ങളിലും വിവിധ രൂപതകളിലും വിശ്വാസികൾ ഒത്തുചേർന്ന് സമാധാനത്തിന്റെ സന്ദേശം പങ്കുവെച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. "കഴിഞ്ഞ വർഷം കേക്കുമായി ക്രിസ്ത്യാനികളുടെ വീടുകളിൽ സൗഹൃദം സ്ഥാപിക്കാൻ പോയവരാണ് ഇപ്പോൾ ആഘോഷങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്." - മുഖ്യമന്ത്രി പിണറായി വിജയൻ