വയനാട്: പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ വാഹന പരിശോധന ഉൾപ്പെടെയുള്ള ഔദ്യോഗിക പ്രവർത്തനങ്ങളുടെ വിവരങ്ങൾ യഥാസമയം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ചോർത്തി നൽകി കുറ്റവാളികളെ സഹായിച്ച സഹോദരങ്ങൾ പിടിയിൽ. പെരിക്കല്ലൂർ, ചെറിയമുക്കാടയിൽ വീട്ടിൽ ബിബിൻ ബേബി (42), സഹോദരൻ ബിജു ബേബി (38) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.(Official police and MVD information leaked to WhatsApp group, Brothers arrested)
ബിബിൻ അഡ്മിനായ 'ടാക്സി ഡ്രൈവേഴ്സ് വയനാട്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കുന്നവർ, മദ്യം, മയക്കുമരുന്ന് കടത്തുകാർ, മണൽ മാഫിയകൾ, മറ്റ് സാമൂഹ്യവിരുദ്ധർ എന്നിവർക്ക് സഹായം ലഭിക്കുന്ന രീതിയിലാണ് വിവരങ്ങൾ കൈമാറി വന്നത്.
വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും മുൻകൂട്ടി ഗ്രൂപ്പിൽ പങ്കുവെച്ച് കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു ഇവരുടെ രീതി.
2025 ഒക്ടോബർ മുതൽ നവംബർ വരെയാണ് ഗ്രൂപ്പിൽ കുറ്റകരമായ പ്രവർത്തനങ്ങൾ നടന്നു വന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഇന്റലിജൻസ് വിഭാഗത്തിന്റെയും സൈബർ സെല്ലിന്റെയും തുടർച്ചയായ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ബിബിനും ബിജുവും വലയിലായത്.
വാട്‌സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ പങ്കും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.