

തിരുവനന്തപുരം: ഒക്ടോബർ മാസത്തിലെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഈ മാസം 27-ന് ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതമാണ് ലഭിക്കുക.(October's Welfare Pension Distribution to Begin on 27th)
26.62 ലക്ഷം പേർക്ക് പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ എത്തിച്ച് നൽകും.
കേന്ദ്ര വിഹിതവും സംസ്ഥാനം നൽകി
ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം ലഭിക്കേണ്ട 8.46 ലക്ഷം പേർക്കായി 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പി.എഫ്.എം.എസ്. (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവഴിച്ചതെന്നും മന്ത്രി അറിയിച്ചു.