'ഒക്യുപേഷണൽ തെറാപ്പി ഇൻ ആക്ഷൻ': ശ്രദ്ധേയമായി ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണം; പുതിയ കോട്ട മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു

'ഒക്യുപേഷണൽ തെറാപ്പി ഇൻ ആക്ഷൻ': ശ്രദ്ധേയമായി ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണം; പുതിയ കോട്ട മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു
Published on

കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (കോട്ട) ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (അയോട്ട) സംയുക്തമായി, ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു. തിരുവനന്തപുരത്ത്‌ നടന്ന ആഘോഷ പരിപാടികൾ, മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർപേഴ്സൺ, എം. അബ്ദുനാസർ മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷന്റെ പുതിയ മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്ക് വേണ്ടിയുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ വേദിയാണ് കോട്ട കമ്മ്യൂണിറ്റി മൊബൈൽ ആപ്പ്. അംഗങ്ങൾക്കിടയിലെ ബന്ധം, സഹകരണം, സേവനങ്ങളുടെ ലഭ്യത എന്നിവ വർദ്ധിപ്പിക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം. സ‍ർക്കാ‍ർ, സ്വകാര്യ തലങ്ങളിൽ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എവിടെയെല്ലാം പ്രാക്ടീസ് ചെയ്യുന്നു, അംഗത്വ സ്റ്റാറ്റസ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് കണ്ടെത്താനുള്ള സൗകര്യവും ലഭ്യമാണ്. അംഗങ്ങൾക്ക് ഒക്യുപേഷണൽ തെറാപ്പി സംബന്ധമായ വിഷയങ്ങളിൽ ച‌‍ർച്ച നടത്താനുള്ള, കമ്മ്യൂണിറ്റി ഫോറവും, വിവിധ വ‍ർക്ക്ഷോപ്പുകൾ സംബന്ധിച്ചുള്ള വിവരങ്ങളും ആപ്പിലുണ്ടാകും.

ലോക ഒക്യുപേഷണൽ തെറാപ്പി ദിനത്തിന്റെ ഈ വ‍ർഷത്തെ പ്രമേയമായ 'ഒക്യുപേഷണൽ തെറാപ്പി ഇൻ ആക്ഷൻ' എന്നതിൽ ഊന്നിയുള്ള ആഘോഷ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഒക്യുപേഷണൽ തെറാപ്പിയെക്കുറിച്ച് ജനങ്ങളിലേക്ക് കൂടുതൽ അവബോധം നൽകുക, സമൂഹത്തിൽ ഈ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഓട്ടിസം, സെറിബ്രൽ പാൾസി, എഡിഎച്ച്ഡി അടക്കമുള്ള രോഗാവസ്ഥകളുടെ ചികിത്സയിൽ ഒക്യൂപേഷണൽ തെറാപ്പി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ലോക ഒക്കുപ്പേഷണൽ തെറാപ്പി ദിനം നമ്മൾ ആഘോഷിക്കുന്നത് എന്ന് എംഎൽഎ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളിൽ അഭിമാനം കൊള്ളുമ്പോഴും, ഒക്യൂപേഷൻ തെറാപ്പി പോലെയുള്ള മേഖലകളെ കുറിച്ച് സമൂഹത്തിൽ അവബോധം കുറവാണ് എന്ന യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. അത്തരം കുറവുകൾ പരിഹരിക്കാൻ പ്രായോഗിക പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഒക്യുപേഷണൽ തെറാപ്പിക്ക്, ഏകീകൃത സിലബസും പാഠ്യപദ്ധതിയും അവതരിപ്പിച്ച വേളയിൽ നടക്കുന്ന ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണം, വലിയ പ്രാധാന്യം അ‍‍ർഹിക്കുന്നതായി ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഓണററി സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. ആരോഗ്യരംഗത്ത് ഒക്യുപേഷണൽ തെറാപ്പിയുടെ ഗൗരവം എത്രത്തോളമുണ്ടെന്ന് അടയാളപ്പെടുത്തുന്ന നിമിഷത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. അടുത്തിടെ കേന്ദ്ര സർക്കാർ, ഒക്കുപ്പേഷണൽ തെറാപ്പി രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിൽ, സുപ്രധാന പങ്കുവഹിച്ച വ്യക്തികൂടിയാണ് ഡോ. ജോസഫ് സണ്ണി.

ഒക്യുപേഷണൽ തെറാപ്പി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവരെയും, കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ ഈ വർഷത്തെ റാങ്ക് ജേതാക്കളേയും ചടങ്ങിൽ ആദരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, കെ.എം.സി.ടി. കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് എന്നിവിടങ്ങളിലെ ഒക്യുപേഷണൽ തെറാപ്പി വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

കോട്ട പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ്, സെക്രട്ടറി ഡോ. സ്മൃതി ജോസ് സി, അയോട്ട ഓണററി സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, സംഘാടക സമിതി അധ്യക്ഷൻ ഡോ. വിനിത് ഡാനി ജോസഫ്, സംഘാടക സമിതി സെക്രെട്ടറി ഡോ. ജോസഫ് ബോസ്, ഡോ. അന്ന ഡാനിയേൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ), ഡോ. മുഹമ്മദ് ഷെരീഫ് (കെ.എം.സി.ടി. കോളേജ് ഓഫ് അലൈഡ് ഹെൽത്ത് പ്രൊഫഷൻ) തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com