

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ച് സിപിഎം നിയമനടപടിയിലേക്ക്. ഭരണഘടനാ വിരുദ്ധമായ രീതിയിൽ ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും സിപിഎം പരാതി നൽകി.(Oaths taken in the name of gods and individuals, CPM files complaint seeking annulment)
കഴിഞ്ഞ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് വിവാദങ്ങൾ അരങ്ങേറിയത്. കടകംപള്ളി വാർഡിൽ നിന്നുള്ള ജയ രാജീവ് അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശരണംവിളികളോടെയാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
കരമന അജിത് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം 'വന്ദേമാതരം' എന്ന് പറഞ്ഞാണ് മടങ്ങിയത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രവർത്തകർ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചു.
തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മേയറായി ആർ. ശ്രീലേഖ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയേറി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും പിന്തുണ ശ്രീലേഖയ്ക്കാണ്. മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിന്റെ പേരും ഉയർന്നു കേട്ടിരുന്നു.