കോഴിക്കോട്: തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്നുള്ള ഒ. സദാശിവനെ കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് നിയോഗിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നിലവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയും കോട്ടൂളി ഡിവിഷനിൽ നിന്നുള്ള കൗൺസിലറുമായ ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയറാകും.(O Sadashivan elected as the mayor of Kozhikode Corporation )
സി.പി.എം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി അംഗമായ സദാശിവനെ മേയർ സ്ഥാനത്തേക്ക് നിയോഗിക്കാനുള്ള തീരുമാനം പാർട്ടി അറിയിച്ചതായാണ് സൂചന. മേയർ സ്ഥാനാർത്ഥിയായി പാർട്ടി നേരത്തെ നിശ്ചയിച്ചിരുന്ന സി.പി. മുസാഫർ അഹമ്മദ് മീഞ്ചന്ത വാർഡിൽ യു.ഡി.എഫിലെ എസ്.കെ. അബൂബക്കറിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതാണ് പുതിയൊരാളെ കണ്ടെത്താൻ കാരണമായത്.
ബേപ്പൂർ പോർട്ട് വാർഡിൽ നിന്നുള്ള പി. രാജീവിന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ഒടുവിൽ സദാശിവന് നറുക്ക് വീഴുകയായിരുന്നു. 76 അംഗ കൗൺസിലിൽ ഇത്തവണ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. എൽ.ഡി.എഫിന് 34 സീറ്റുകളും യു.ഡി.എഫിന് 26 സീറ്റുകളും എൻ.ഡി.എയ്ക്ക് 13 സീറ്റുകളുമാണുള്ളത്. മൂന്ന് സ്വതന്ത്ര അംഗങ്ങളും കൗൺസിലിലുണ്ട്. യു.ഡി.എഫിന് വേണ്ടി എസ്.കെ. അബൂബക്കർ മേയർ സ്ഥാനത്തേക്ക് മത്സരിക്കും.
വ്യാഴാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമായിരിക്കും ഈ തീരുമാനങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രരുടെ നിലപാടും വോട്ടെടുപ്പിൽ നിർണ്ണായകമാകും.