കോഴിക്കോട്: നിപ രോഗിയെ പരിചരിച്ചതിലൂടെ രോഗം ബാധിച്ച്, ചലനമറ്റ ശരീരവുമായി രണ്ടു വർഷത്തോളം ചികിത്സയിലായിരുന്ന നഴ്‌സ് ടിറ്റോ ആശുപത്രി വിട്ടു. മംഗളൂരു സ്വദേശിയായ ടിറ്റോയെ, ചികിത്സ നൽകിയ ആശുപത്രി അധികൃതർ ഒരുക്കിയ കോഴിക്കോട്ടെ വാടക വീട്ടിലേക്കാണ് മാറ്റിയത്. നിപ ബാധയെത്തുടർന്നുണ്ടായ മസ്തിഷ്ക ജ്വരമാണ് ടിറ്റോയുടെ ജീവിതത്തെ മാറ്റിമറിച്ചത്.(Nurse Tito leaves hospital after 2 years of treatment)
മംഗളൂരുവിലെ മലയാളി കുടുംബാംഗമായ ടിറ്റോ, നേഴ്‌സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട് ഇഖ്ര ആശുപത്രിയിലാണ് ജോലി നേടിയിരുന്നത്. 2023 ഓഗസ്റ്റിലാണ് പനി ബാധിച്ചെത്തിയ മരുതോങ്കര സ്വദേശിയെ ടിറ്റോ പരിചരിച്ചത്. മരണശേഷം ഇയാൾക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ ടിറ്റോയ്ക്കും രോഗം ബാധിച്ചു.
നിപ കാരണമുണ്ടായ ലേറ്റന്റ് എൻസഫലൈറ്റിസ് ടിറ്റോയെ പിടികൂടിയതോടെ 2022 ഡിസംബർ 2-ന് അദ്ദേഹം കോമയിലായി. രണ്ടു വർഷത്തോളം ഇഖ്ര ആശുപത്രിയിലെ മുറിയിലായിരുന്നു ടിറ്റോയുടെ ജീവിതം. കൂലിപ്പണി ഉപേക്ഷിച്ച് അച്ഛനും അമ്മയും ചേട്ടനുമാണ് കൂടെ താമസിച്ച് പരിചരിച്ചത്.
ടിറ്റോയുടെ ചികിത്സയ്ക്കായി ഇതിനകം 80 ലക്ഷം രൂപയിലധികം ആശുപത്രി അധികൃതർ ചെലവഴിച്ചു. കുടുംബത്തിന്റെ താൽപ്പര്യം പരിഗണിച്ചാണ് ആശുപത്രിയുടെ തൊട്ടടുത്തുള്ള വാടക വീട്ടിലേക്ക് ടിറ്റോയെ മാറ്റിയത്. ടിറ്റോയ്ക്ക് കരുത്തായി ആശുപത്രി ജീവനക്കാർ ഇപ്പോഴും കൂടെ തന്നെയുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപയോളം കുടുംബത്തിന് അനുവദിച്ചിരുന്നു. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയും ടിറ്റോക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ടിറ്റോയുടെ പൂർത്തിയാകാതെ പോയ ആഗ്രഹങ്ങളെല്ലാം സഫലമാക്കാൻ, അദ്ദേഹത്തിന് നടക്കാനും രോഗികളെ പരിചരിക്കാനും കഴിയണം. ഇതിനെല്ലാം നല്ല മനസ്സുകളുടെ സഹായത്തിലാണ് ടിറ്റോയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.