ചങ്ങനാശേരി : ശബരിമല വിഷയത്തിൽ നിലപാട് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തിൽ, ശരിദൂരം കണ്ടെത്തിയെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ഇന്ന് നടന്ന വിജയദശമി സംഗമത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്.
എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും, കോൺഗ്രസു, ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്. അയ്യപ്പ സംഗമത്തിലെ എൻഎസ്എസ് സാന്നിധ്യം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നു.വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻ എസ് എസിന് ആവശ്യമില്ല.
വിശ്വാസകാര്യത്തിൽ ശരി കണ്ടപ്പോൾ എൻഎസ്‌എസ് രാഷ്‌ട്രീയം നോക്കിയില്ല. എന്നാൽ, അതിനെ ചിലർ രാഷ്‌ട്രീയവൽക്കരിച്ചു. തനിക്കെതിരായ പ്രചാരണങ്ങളിൽ ചില ദൃശ്യമാധ്യമങ്ങളുടെ കൈയ്യുണ്ടോ എന്ന് സംശയിക്കുന്നു. എൻഎസ്‌എസിനെ വംശനാശം വരുത്താൻ ശ്രമിക്കുന്ന ചാനലുകളെ തിരിച്ചറിയണം.അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്. സുകുമാരൻ നായരുടെ മാറിൽ നൃത്ത മാടുകയാണ്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു.