കോട്ടയം : ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള ക്ഷണം എൻഎസ്എസ് സ്വീകരിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ക്ഷണിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ട് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചതെന്നും അതിനാൽ എൻഎസ്എസിന്റെ പ്രതിനിധിയെ അയക്കുമെന്ന് അദ്ദേഹം അറിയിച്ചതായും പ്രശാന്ത് പറഞ്ഞു.
ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടിയിട്ടുള്ള പരിശ്രമങ്ങളാണ് ദേവസ്വം ബോർഡ് നടത്തുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിന് ശേഷമാണ് പി എസ് പ്രശാന്ത് പെരുന്നയിൽ എത്തിയത്.ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുമെന്ന് എൻഎൻഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്.
അതേ സമയം, ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയേയും പ്രശാന്ത് വീട്ടിലെത്തി ക്ഷണിച്ചിരുന്നു. പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായാണ് പിന്നാലെ ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചത്. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയിൽ നടത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായായിരുന്നു ക്ഷണം.