തൃശൂർ: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി മോഷണക്കേസുകളിലെ പ്രതിയുമായ ബാലമുരുകൻ (33) വീണ്ടും പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തൃശൂർ വിയ്യൂർ ജയിലിന് സമീപത്ത് വെച്ച് തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം.(Notorious gangster Balamurugan, escapes from police custody)
തമിഴ്‌നാട്ടിൽ തെളിവെടുപ്പിന് ശേഷം ബാലമുരുകനെ വിയ്യൂരിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറക്കിയ സമയത്താണ് ഇയാൾ രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ തള്ളിമാറ്റി ജയിൽ മതിലിനോട് ചേർന്നുള്ള പച്ചക്കറി കൃഷി സ്ഥലത്തേക്ക് ഓടിമറയുകയായിരുന്നു. ഇയാൾക്കായി തൃശൂർ നഗരത്തിലും പരിസരങ്ങളിലും പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം, 2024-ലും വിയ്യൂർ ജയിലിന് മുന്നിൽ നിന്ന് ബാലമുരുകൻ സമാനമായ രീതിയിൽ രക്ഷപ്പെട്ടിരുന്നു. അന്നും തെളിവെടുപ്പിന് ശേഷം വിയ്യൂരിലെത്തിച്ചപ്പോൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയാണ് കടന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, മോഷണം ഉൾപ്പെടെ 53-ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്. 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളിൽ പ്രതിയായിട്ടുണ്ട്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകൻ ജനിച്ചത്. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചിട്ടുണ്ട്. വേഷം മാറുന്നതിൽ വിദഗ്ധനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ലുങ്കിയോ സാധാരണ വേഷമോ ധരിച്ച് ഒരു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന ഇയാൾ, അടുത്തയിടത്ത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും എത്തുക.
തമിഴ്‌നാട്ടിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്നാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. മറയൂരിലെ മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. പൊലീസിനെ ആക്രമിച്ച് നേരത്തേയും ഇയാൾ ജയിൽ ചാടിയിട്ടുണ്ട്.