തിരുവനന്തപുരം : രഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ല.കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
അതേ സമയം, യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിൽ അപ്രത്യക്ഷനായി. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുന്ന സമയത്ത് പാലക്കാട് കണ്ണാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ പരാതി നൽകിയതിന് പിന്നാലെ രാഹുൽ അപ്രത്യക്ഷനാവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായോ അദ്ദേഹത്തിൻ്റെ പേഴ്സണൽ അസിസ്റ്റുമായോ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യമാണുള്ളത്.
യുവതി പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് അടച്ച നിലയിലാണ്. പരാതി വന്നതിന് പിന്നാലെ അപ്രത്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ പിന്നാലെ താൻ നിരപരാധിയാണെന്ന നിലയിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും എന്നായിരുന്നു രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.