മലപ്പുറം: കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ താൻ പ്രത്യേക ചർച്ചകൾ നടത്തുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വിശാലമായ അർത്ഥത്തിൽ ആശയപരമായി യോജിക്കുന്നവർ മുന്നണിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിലവിൽ അത്തരമൊരു ദൗത്യം തന്നെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Nothing will happen with half consent, PK Kunhalikutty on Kerala Congress M issue)
കൂടുതൽ കക്ഷികൾ യുഡിഎഫിലേക്ക് വരുന്ന ട്രെൻഡ് ഇപ്പോഴുണ്ട്. എന്നാൽ ഫോർമുല വച്ചുള്ള ചർച്ചകൾ ആരുമായും നടത്തിയിട്ടില്ല. "അർദ്ധ സമ്മതത്തിൽ ഒന്നും നടക്കില്ല" എന്ന് അദ്ദേഹം പറഞ്ഞു.
മാണി സി. കാപ്പൻ തന്റെ വീട്ടിൽ എത്തിയത് സ്വാഭാവികമായ സന്ദർശനം മാത്രമാണ്. നേതാക്കൾ കാണുമ്പോൾ രാഷ്ട്രീയം ചർച്ചയാകുന്നത് സാധാരണമാണ്. എന്നാൽ പാലാ സീറ്റ് സംബന്ധിച്ച് അജണ്ട വെച്ചുള്ള ചർച്ചകൾ നടന്നിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച വാർത്തകൾ പാർട്ടിക്കുള്ളിലും മുന്നണിയിലും ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്. പാർട്ടി ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും. പാർട്ടിയിലെ അഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
"കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും" എന്ന് അദ്ദേഹം ആവർത്തിച്ചു. തങ്ങളെയോർത്ത് ആരും കരയേണ്ട എന്നും അദ്ദേഹം പ്രതികരിച്ചു.