കൊച്ചി: മുൻ മന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരനെ നേരിൽ കാണുമെന്നും അദ്ദേഹത്തെ ചേർത്തുനിർത്തുമെന്നും മന്ത്രി സജി ചെറിയാൻ. ജി. സുധാകരന് തന്നെയടക്കം വിമർശിക്കാനുള്ള അധികാരമുണ്ടെന്ന് സജി ചെറിയാൻ പറഞ്ഞു. സി.പി.എമ്മുമായി ഇടഞ്ഞുനിൽക്കുന്നു എന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.( Nothing can be achieved by destroying G Sudhakaran, says Saji Cherian)
"ഞങ്ങൾ നന്ദികെട്ടവരല്ല. ജി. സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും." അദ്ദേഹം പറഞ്ഞു. ജി. സുധാകരനെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും, ജി. സുധാകരനുമായി പ്രശ്നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടിയാണ് എന്നും പറഞ്ഞ മന്ത്രി, ആലപ്പുഴയിലെ സി.പി.എം. നേതാക്കൾക്ക് വിമർശനം പുതിയതല്ല എന്നും കൂട്ടിച്ചേർത്തു.
ജി. സുധാകരന് ഏതുവേദിയിലും പോകാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സജി ചെറിയാനെയടക്കം ജി. സുധാകരൻ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. സി.പി.എമ്മുമായി അകന്നുനിൽക്കുന്ന ജി. സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സി.പി.എം. പരിപാടിയിൽ നിന്ന് വിട്ടുനിന്നത് വാർത്തയായിരുന്നു.