

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ തനിക്ക് നേരിട്ട ഗുരുതര പരിക്കുകൾക്ക് ഉത്തരവാദികൾ ആരെന്ന് പോലും ഇതുവരെ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഉമ തോമസ് എംഎൽഎ. അപകടത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് സംഘാടകരുടെ അനാസ്ഥയെയും ജിസിഡിഎയുടെ വീഴ്ചയെയും എംഎൽഎ രൂക്ഷമായി വിമർശിച്ചത്.(Not yet found out who is responsible for the accident, says Uma Thomas MLA on the Kaloor stadium accident)
ഗിന്നസ് റെക്കോഡിനായി പരിപാടി സംഘടിപ്പിച്ച 'മൃദംഗവിഷൻ' എന്ന സ്ഥാപനത്തിന് കൃത്യമായ അഡ്രസ് പോലുമില്ലെന്ന് എംഎൽഎ ആരോപിക്കുന്നു. ഇവർക്ക് സമൻസ് അയച്ചിട്ട് പോലും കൈപ്പറ്റിയിട്ടില്ല. ഇത്തരമൊരു സംഘത്തിന് ഏത് സാഹചര്യത്തിലാണ് ജിസിഡിഎ സ്റ്റേഡിയം വാടകയ്ക്ക് നൽകിയതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിൽ ജിസിഡിഎയിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. താൽക്കാലികമായി നിർമ്മിച്ച സ്റ്റേജിലെ ബാരിക്കേഡുകൾക്ക് ഒട്ടും ബലമുണ്ടായിരുന്നില്ല. തനിക്കല്ലെങ്കിൽ മറ്റാർക്കെങ്കിലും അന്ന് ഈ അപകടം സംഭവിക്കുമായിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു.
12,000 പേർ പങ്കെടുത്ത നൃത്ത പരിപാടിക്കിടെ ഉമ തോമസ് 20 അടിയോളം താഴ്ചയിലേക്ക് വീണത്. വിഐപി ഗാലറിയിലെ ഇരിപ്പിടത്തിലേക്ക് പോകുന്നതിനിടെ കാൽ വഴുതിയ എംഎൽഎ, ബലമില്ലാത്ത ബാരിക്കേഡുകൾ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. 46 ദിവസം നീണ്ട ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് അവർ പൊതുരംഗത്ത് സജീവമായത്.