
സദ്യക്കൊപ്പം സ്ഥിരമായി കഴിക്കുന്ന പായസത്തിന്റെ രുചിയിൽ നിന്നും വ്യത്യസ്തമായി ഒരു പായസം തയ്യാറാക്കാം. മുല്ലപ്പൂവും കുറച്ച് ചേരുവകളും ചേർത്ത് അതീവ രുചിയിൽ ഒരു പായസം. മുല്ലപ്പൂ ഫ്രഷ് തന്നെ ഉപയോഗിക്കണം. എന്നാലേ പായസത്തിന് മണവും രുചിയും ഉണ്ടാകൂ. മുല്ലപ്പൂവിന്റെ മണവും രുചിയും അങ്ങനെ തന്നെ പായസത്തിൽ ഉണ്ടാകണം. അതുകൊണ്ടു ഏലയ്ക്കാ പൊടിയോ നട്സ് കിസ്മിസ് ഒന്നും തന്നെ ഇതിൽ ചേർക്കില്ല.
ചേരുവകൾ
പാൽ - 1 ലിറ്റർ
പഞ്ചസാര - 2 ടേബിൾ സ്പൂൺ
കണ്ടെൻസ്ഡ് മിൽക്ക് - 1 കപ്പ്
അട - 200 ഗ്രാം
മുല്ലപ്പൂ
എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആദ്യം അട വേവിച്ചു തണുത്ത വെള്ളത്തിൽ ഇട്ടു ഊട്ടി അതിന്റെ പശ മാറ്റി വെയ്ക്കണം.
ഒരു ഉരുളിയിൽ പാൽ ഒഴിച്ച് തിളപ്പിക്കണം. പാൽ തിളച്ചു കഴിയുമ്പോൾ അട ചേർക്കണം. അട ചേർത്ത് നന്നായി ഇളക്കുക. അട മൂത്ത് കഴിഞ്ഞാൽ അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കണം. പായസം ഒന്ന് കുറുകി വരുമ്പോൾ കുറച്ചു പാൽ കൂടി ഒഴിച്ച് തിളപ്പിക്കണം എന്നിട്ട് തീ ഓഫ് ചെയ്യുക.
ശേഷം ഒരു തോർത്ത് കൊണ്ട് ഉരുളി മൂടി കെട്ടണം. അതിന്റെ മുകളിലിൽ മുല്ലപ്പൂവ് വച്ച് വാഴയില കൊണ്ട് മൂടണം. ഇലയുടെ മുകളിൽ ഒരു പാത്രം കൂടി വെച്ച് കൊടുക്കണം. ഒട്ടും ആവി പുറത്തേക്ക് പോവാതിരിക്കാൻ ആണ് ഇങ്ങനെ ചെയുന്നത്. ഈ രീതിയിൽ അര മണിക്കൂർ നേരം പായസം വെയ്ക്കുക. അപ്പോൾ ആവികൊണ്ട് മുല്ലപ്പൂവിന്റെ മണവും രുചിയും പായസത്തിൽ ചേരും. അതിന് ശേഷം ചൂടോടെ വിളമ്പാം.