

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം അവതരിപ്പിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ശശി തരൂർ എംപി. ആഴ്ചകൾക്ക് മുൻപ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ഈ വെളിപ്പെടുത്തൽ.(Not in to the CM post, Shashi Tharoor clarifies stance)
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെങ്കിലും തിരഞ്ഞെടുപ്പിന് മുൻപായി കേരള രാഷ്ട്രീയത്തിൽ സജീവമായി രംഗത്തുണ്ടാകാൻ ഹൈക്കമാൻഡ് തരൂരിനോട് ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ച തരൂർ, വയനാട്ടിൽ നടന്ന കോൺഗ്രസ് നേതൃക്യാമ്പിൽ സജീവമായി പങ്കെടുത്തിരുന്നു.
തന്റെ പ്രസ്താവനകൾ മാധ്യമങ്ങൾ ഭാഗികമായി റിപ്പോർട്ട് ചെയ്യുന്നതാണ് പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകുന്നതെന്ന് തരൂർ നേതൃത്വത്തെ അറിയിച്ചു. തന്റെ വാക്കുകൾ പൂർണ്ണമായി മനസ്സിലാക്കാതെ മറ്റ് നേതാക്കൾ പ്രതികരിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തരൂരിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നുമാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ തരൂരിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.