കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോൺഗ്രസിന് തിരിച്ചടി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു ഇരുവരെയും സ്വീകരിച്ചു.
അതേ സമയം, കണ്ണൂർ പാനൂരിൽ മുസ്ലിംലീഗ് നേതാവ് ബിജെപിയിൽ ചേർന്നു. പാനൂർ ലീഗ് മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ഉമർ ഫാറൂഖാണ് പാർടിവിട്ടത്. പെരിങ്ങത്തൂർ മേഖലയിലെ സജീവ ലീഗ് കുടുംബമാണ് ഉമർ ഫാറൂഖിന്റേത്. നഗരസഭയിലെ 18-ാം വാർഡിൽ ഉമർ ഫാറൂഖ് ബിജെപി സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.
ബിജെപി ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യവാക്താവ് ടി പി ജയചന്ദ്രൻ, എൻ ഹരിദാസ്, കെ ലിജേഷ്, അനിൽ കുമാർ, ധനഞ്ജയൻ, എ പി നിഷാന്ത്, എം പി പ്രജീഷ് തുടങ്ങിയവർ ചേർന്ന് ഉമർ ഫാറൂഖിനെ സ്വീകരിച്ചു.