തിരുവനന്തപുരം: കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെ വീണ്ടും റിമാൻഡ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്ന കേസിലാണ് രാഹുൽ ഈശ്വർ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി റിമാൻഡിൽ കഴിയുന്നത്.(Not cooperating with investigation, Rahul Easwar remanded again)
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇതിനോടകം രണ്ടു തവണ തള്ളിയിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 15-ന് വീണ്ടും കോടതി പരിഗണിക്കും.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ, കേസിൽ നിർണായകമായേക്കാവുന്ന, വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി പാസ്‌വേർഡ് നൽകാത്തതിനാൽ ലാപ്‌ടോപ്പ് പരിശോധിക്കാനും കഴിയുന്നില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
കോടതി റിമാൻഡ് നോട്ട് എഴുതിയതിനെ തുടർന്ന് ആരോഗ്യ പരിശോധനകൾക്കായി രാഹുൽ ഈശ്വറിനെ ആദ്യം ഫോർട്ട് ആശുപത്രിയിലും തുടർന്ന് ഓർത്തോ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലും എത്തിച്ചു. കോടതി നിലപാടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞത്.