കണ്ണൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയ വി. കുഞ്ഞികൃഷ്ണനെ തള്ളി എം.വി. ജയരാജൻ. പാർട്ടിയെ തകർത്ത് തിരുത്തുക എന്ന നിലപാടാണ് കുഞ്ഞികൃഷ്ണന്റേതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Not a single penny has been misused, MV Jayarajan on Martyrs Fund scam controversy)
രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ല. പാർട്ടി ഒരിക്കലും തെറ്റായ വഴിയിലൂടെ പോകില്ല. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പുറത്തുപറഞ്ഞത് തെറ്റായ നടപടിയാണ്. കുഞ്ഞികൃഷ്ണൻ ഇപ്പോൾ ശത്രുക്കളുടെ കോടാലിക്കൈയായി മാറിയിരിക്കുകയാണ്. കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ച് ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും. പ്രതിഷേധ മാർച്ചുകൾ നടത്തിയതിനെയും അദ്ദേഹം വിമർശിച്ചു.
കുഞ്ഞികൃഷ്ണൻ എഴുതുന്ന പുസ്തകത്തെയോ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെയോ പാർട്ടിക്ക് ഭയമില്ല. മടിയിൽ കനമില്ലാത്തവർക്ക് എന്തിനാണ് ഭയമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിക്കാർക്കിടയിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. എന്നാൽ എന്ത് നടപടിയുണ്ടായാലും നേരിടുമെന്നും തനിക്ക് പേടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.