
കൊച്ചിയില്‍ സംഘടിപ്പിച്ച പ്രഥമ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റില്‍ അവസതരിപ്പിക്കപ്പെട്ട മുപ്പത് പ്രധാന ആശയങ്ങളാണ് അവതരിപ്പിച്ചത്. ഇവയിൽ മുൻഗണന ക്രമത്തിൽ ഇരുപതിയൊന്ന് എണ്ണത്തിന്റെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തുടർനടപടികൾക്കായി ഇവ അതത് വകുപ്പുകളിൽ വിശദമായ ചർച്ചക്ക് വിധേയമാക്കും. അതിനുശേഷം ധാരാണാപത്രം ഉള്‍പ്പെടെയുളള തുടര്‍നടപടികളിലേയ്ക്ക് നീങ്ങും. കേരള–ഓസ്ട്രേലിയ ഇന്നൊവേഷൻ ആൻഡ് സ്കിൽസ് ഹബ് രൂപീകരണം, അന്താരാഷ്ട്ര ഫെല്ലോഷിപ്പുകള്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, പ്രവാസി മേന്റർഷിപ്പ്, സ്കിൽ ഡവലപ്മെന്റ്, കേരളത്തിലെ സർവകലാശാലകളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഗ്ലോബല്‍ ലേണിങ്, കേരള എയർ ടെക് കൊറിഡോർ, തീരദേശ ഡ്രോൺ കൊറിഡോർ, കമ്മ്യൂണിറ്റി ഹെൽത്ത് & കെയർ ഹബ്ബുകൾ, തലച്ചോറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനതലത്തില്‍ സംയോജിത പരിപാടി, കൃഷിയിലെ പരിസ്ഥിതി ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളള പദ്ധതികള്‍, കേരളത്തിലെ വിദ്യാർത്ഥികൾക്ക് ക്ലൗഡ്/AI എഞ്ചിനീയറിംഗ് മേഖലയിൽ അംഗീകൃത സർട്ടിഫിക്കേഷൻ – മേന്റർഷിപ്പ് – സ്കോളർഷിപ്പുകളും ഉൾപ്പെടുന്ന പൈലറ്റ് പ്രോഗ്രാമുകൾ, സിന്തറ്റിക് ബയോളജി, ബയോ മാനുഫാക്ചറിംഗ് മേഖലകള്‍ക്കായി കൊച്ചിയില്‍ ബയോഫൗണ്ടറി, സംയോജിത വിദേശഭാഷാ പരിശീലനം, ജീന്‍ തെറാപ്പി തുടങ്ങിയ ആശയങ്ങളാണ് സര്‍ക്കാറിന്റെ പരിഗണയ്ക്കായി നല്‍കിയത്.
കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിലും അഞ്ചു സെഷനുകളിലായി നടന്ന ചര്‍ച്ചകളിലും മന്ത്രിമാരായ. വി. ശിവന്‍കുട്ടി, പി രാജീവ്, എം.ബി.രാജേഷ്, വീണാ ജോര്‍ജ്ജ്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി എ. ജയതിലക്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ പി ശ്രീരാമകൃഷ്ണന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ്, നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഒ.വി മുസ്തഫ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവര്‍ സംബന്ധിച്ചു. മീറ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ, സിഇഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ , അക്കാദമിക് വിദഗ്ധർ , വ്യവസായ പ്രമുഖർ എന്നിവരും പങ്കെടുത്തു.