
പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പ്രചരണാർത്ഥം മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ''നോർക്കാ കെയർ കരുതൽ സംഗമം - സ്‌നേഹകവചം'' സംഘടിപ്പിക്കുന്നു. പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന ''സ്‌നേഹകവചം'' സംഗമം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹായം ആവശ്യമായ പ്രവാസി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനരീതി (Support Mechanism) രൂപപ്പെടുത്തുകയെന്നതും സ്‌നേഹകവചം'' ലക്ഷ്യമിടുന്നു. സംഗമത്തിന്റെ ഭാഗമായി, മലയാളി സംഘടനകൾ നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം ''കെയർ ഫോർ മുബൈ'' സന്നദ്ധ സംഘടന ചടങ്ങിൽ നൽകും.
നവി മുംബൈ റമാഡ ഹോട്ടലിൽ (മില്ലേനിയം ബിസിനസ് പാർക്ക്, സെക്ടർ 2, മാപ്പേ) വൈകുന്നേരം നാലിന് നടക്കുന്ന സംഗമത്തിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, മുബൈയിലെ ലോക കേരള സഭ അംഗങ്ങൾ, മുംബൈ എൻ ആർ.കെ ഡെവലപ്പ്‌മെൻറ് ഓഫീസർ റഫീഖ് എസ്, മറ്റ് നോർക്ക റൂട്ട്‌സ് പ്രതിനിധികൾ ഉൾപ്പെടെയുളളവർ സംബന്ധിക്കും. ഒരു കുടുംബത്തിന് 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്‌ലെസ്സ് ചികിത്സയും നോർക്ക കെയർ ലഭ്യമാക്കുന്നു. പദ്ധതിയിൽ 2025 ഒക്ടോബർ 22 വരെയാണ് അംഗമാകാൻ കഴിയുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.