
ബിഗ് ബോസ് ഹൗസിൽ വീക്കിലി ടാസ്കിൽ ഇത്തവണ ഡാൻസ് മാരത്തൺ ആണ്. കഴിഞ്ഞ സീസണുകളിലൊക്കെ ഉണ്ടായിരുന്ന ക്ലാസിക് ടാസ്കാണ് ഡാൻസ് മാരത്തൺ. മത്സരാർത്ഥികൾ വിവിധ കഥാപാത്രങ്ങളായി വേഷമിട്ട് പാട്ട് കേൾക്കുമ്പോൾ ഡാൻസ് കളിക്കുക എന്നതാണ് ഡാൻസ് മാരത്തൺ ടാസ്ക്. ടാസ്കിൻ്റെ രണ്ടാം ദിവസമാണ് ഇന്ന്.
ഷാനവാസ് നരൻ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രമായ മുള്ളൻകൊല്ലി വേലായുധനായി എത്തി. അനുമോൾ കിലുക്കം സിനിമയിലെ നന്ദിനി എന്ന കഥാപാത്രമായി. ആര്യൻ മായാമോഹിനി എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച മായാമോഹിനിയായും സാബുമാൻ പട്ടണഭൂതം എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച ഭൂതമായും വേഷമിട്ടു. നൂറ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ ശോഭന വേഷമിട്ട കാർത്തുമ്പിയായി. ജോക്കർ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച ബാബു എന്ന കഥാപാത്രമായി അനീഷ് വേഷമിട്ടു. പഞ്ചാബി ഹൗസ് എന്ന സിനിമയിലെ മനീന്ദർ സിംഗ് ആയി ബിന്നിയും പാർത്ഥൻ കണ്ട പരലോകം എന്ന സിനിമയിലെ പാർത്ഥൻ ആയി ആദിലയും വേഷമിട്ടു. വിഷ്ണുലോകം എന്ന സിനിമയിൽ ഉർവശി അവതരിപ്പിച്ച കസ്തൂരി എന്ന കഥാപാത്രമായിരുന്നു ലക്ഷ്മി.
ഷാനവാസ്, ലക്ഷ്മി, ആര്യൻ, സാബുമാൻ, നൂറ എന്നിവരാണ് ആദ്യ ദിവസം ഡാൻസ് ചെയ്തത്. കാർത്തുമ്പിയായി വേഷമിട്ട നൂറയും ഭൂതമായി വേഷമിട്ട സാബുമാനും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. സാബുമാൻ ഇന്നലെ മുഴുവൻ കഥാപാത്രമായി നിലനിന്നപ്പോൾ നൂറ ഇടയ്ക്കിടെ കഥാപാത്രത്തിൽ നിന്ന് പുറത്തുവന്നു. ഷാനവാസ്, ലക്ഷ്മി, ആര്യൻ, ബിന്നി തുടങ്ങിയവരും ടാസ്കിൽ മികച്ച പ്രകടനം നടത്തി. എല്ലാവർക്കും 10 കോയിനുകൾ വച്ച് നൽകിയിട്ടുണ്ട്. ടാസ്ക് അവസാനിക്കുമ്പോൾ മികച്ചതായി തോന്നുന്നവർക്ക് കോയിൻ നൽകാം. കൂടുതൽ കോയിൻ ലഭിക്കുന്നവർക്ക് പ്രത്യേക പവർ ഉണ്ടാവുമെന്നും ഇത് പിന്നീട് അറിയിക്കുമെന്നും ബിഗ് ബോസ് അറിയിച്ചു.