
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് എട്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇതിനിടെ സംഭവ ബഹുലമായ നിരവധി കാര്യങ്ങൾ വീട്ടിൽ സംഭവിച്ചു. പലരും പുതുതായി വീട്ടിൽ എത്തുകയും എവിക്ട് ആയി പോവുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഒരു എവിക്ഷൻ കൂടി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 7 അൻപത് ദിവസം പൂർത്തിയാക്കുന്ന വേളയിലാണ് ഇത്തവണ എവിക്ഷൻ എത്തിയിരിക്കുന്നത്. ഇതിന്റെ പ്രമോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എവിക്ഷൻ വേദികളിൽ നിന്നും രോഷാകുലനായി പുറത്തേക്ക് പോകുന്ന മോഹൻലാലിനെയാണ് കാണുന്നത്. നൂറ, അനുമോൾ എന്നീ മത്സരാർത്ഥികളെ മോഹൻലാൽ ശകാരിക്കുകയും ചെയ്യുന്നുണ്ട്. നൂറ, ആദില, നെവിൻ, സാബുമാൻ, ബിന്നി, ഷാനവാസ്, ലക്ഷ്മി, ആര്യൻ, റെന എന്നിവരായിരുന്നു ബിഗ് ബോസ് സീസൺ 7ലെ ഏഴാം ആഴ്ചയിലെ എവിക്ഷനിൽ വന്നത്. ഇതിൽ ബിന്നി, നെവിൻ, നൂറ എന്നിവർ കഴിഞ്ഞ ദിവസം പുറത്ത് പോയിരുന്നു. ബാക്കിയുള്ളവരിൽ നിന്ന് ഈ ആഴ്ച പുറത്ത് പോകുന്നത് ആരൊക്കെയാണെന്നുള്ള കാര്യം ഇന്ന് അറിയാം. ഇതിനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ.
ഒന്നാം നമ്പർ സ്ലിപ്പ് ഓപ്പൺ ചെയ്യുന്ന മോഹൻലാലിനെയും പൂമാലയുമായി എവിക്ഷൻ പ്രക്രിയയിലുള്ള മത്സരാർത്ഥികൾക്കടുത്തേക്ക് പോകുന്ന അനുമോളേയും വീഡിയോയിൽ കാണാം. ഇതിനു പിന്നാലെ ഞെട്ടി ഓടിവരുന്ന നൂറയേയും പ്രമോയിൽ കാണാം. ഇതോടെയാണ് മോഹൻലാൽ ദേഷ്യപ്പെട്ടത്. "നൂറ, അനുമോൾ ബാക്കിയുള്ളവരാരും ഇവിടെ കളിക്കാൻ വന്നിരിക്കുന്നതല്ലേ? ഒരു കാര്യം ചെയ്യ്, ബാക്കി എല്ലാം നിങ്ങൾ തീരുമാനിച്ചോളൂ. ബിഗ് ബോസ് തീരുമാനിച്ചോളൂ." - എന്ന് മോഹൻലാൽ ദേഷ്യത്തോടെ പറയുന്നതും കാണാം. പ്രമോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.