ആലപ്പുഴ: അരൂർ-തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമ്മാണ മേഖലയിലുണ്ടായ ഗർഡർ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും എം.പി.യുമായ കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഏതു സമയത്തും അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു എന്നും സുരക്ഷാ കാര്യങ്ങളിൽ കേന്ദ്രത്തിന് പല തവണ കത്തുകളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.(No value placed on human life, KC Venugopal on Aroor-Thuravoor girder accident)
മനുഷ്യജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് ഇവിടെയുണ്ടായതെന്നും, അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ലായിരുന്നെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. പി.എ.സി. യോഗം കൂടിയപ്പോഴും ഈ വിഷയങ്ങൾ ഉന്നയിച്ചിരുന്നു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തേണ്ടതായിരുന്നു, അതും ചെയ്തില്ല. ഇനിയും അപകടം ഉണ്ടാവാൻ പാടില്ല. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമ്മാണം പുരോഗമിക്കുന്നതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. മുട്ട കയറ്റിവന്ന പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ, ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചു. പിക്കപ് വാൻ ഗർഡറിനടിയിൽപ്പെട്ടുപോയ നിലയിലായിരുന്നു. വീണ രണ്ട് ഗർഡറുകളിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് വാനിലേക്ക് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തമിഴ്നാട്ടിൽ നിന്ന് മുട്ട കയറ്റി എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. രാജേഷ് പിക്കപ് വാനിൻ്റെ സ്ഥിരം ഡ്രൈവർ ആയിരുന്നില്ല. സ്ഥിരമായി ഓടിക്കുന്ന ഡ്രൈവർ ഇല്ലാതിരുന്നതിനാൽ, വാഹനം ഓടിക്കാൻ വിളിച്ചപ്പോൾ രാജേഷ് വരികയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനത്തിൻ്റെ ഉടമ ആരോപിച്ചു. സംഭവത്തിൽ പി.ഡബ്ല്യു.ഡി. സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.